മുംബൈ: ഗണേശോത്സവത്തിന് മുന്നോടിയായി മുംബൈയിൽ നടന്ന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം മറിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. 22 അടിയിലേറെ ഉയരമുള്ള കൂറ്റൻ ഗണപതി വിഗ്രഹം ജനക്കൂട്ടത്തിന് മുകളിലേക്ക് മറിഞ്ഞുവീണുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രി പത്തിനുണ്ടായ സംഭവത്തിൽ സങ്കേത് നെവ്ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിഗ്രഹം ലാൽബാഗിൽ നിന്ന് ഭുലേശ്വറിലെ താൽക്കാലിക പന്തലിലേക്ക് ട്രോളിയിൽ കൊണ്ടുവരുന്നതിനിടെയാണ് അപകടം.
വിഗ്രഹം ഉറപ്പിച്ചിരുന്ന ഇരുമ്പ് ഫ്രെയിമിന്റെ വെൽഡിംഗ് ശരിയായി ചെയ്തിരുന്നില്ലെന്നും ഇതാണ് അപകടത്തിന് കാരണമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ഡിബി മാർഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.